09:42am 09 September 2026
NEWS
ശുക്രൻ സ്വന്തം ചന്ദ്രനെ വിഴുങ്ങിയോ?
09/09/2026  09:23 AM IST
nila
ശുക്രൻ സ്വന്തം ചന്ദ്രനെ വിഴുങ്ങിയോ?

ഭൂമിയോട് ഏറെ സാമ്യമുള്ള ഗ്രഹം, പക്ഷേ ചന്ദ്രനില്ല. സൗരയൂഥത്തിലെ ഏറ്റവും കൗതുകകരമായ രഹസ്യങ്ങളിലൊന്നാണ് ശുക്രന് സ്വാഭാവിക ഉപഗ്രഹമില്ലാത്തതിന്റെ കാരണം. വർഷങ്ങളായി ശാസ്ത്രജ്ഞർ അന്വേഷിക്കുന്ന ഈ ചോദ്യത്തിന് പുതിയൊരു സാധ്യത മുന്നോട്ടുവയ്ക്കുകയാണ് ഗവേഷകർ. ശുക്രന് ഒരുകാലത്ത് ചന്ദ്രനുണ്ടായിരുന്നിരിക്കാമെന്നും പിന്നീട് ആ ഉപഗ്രഹം ശുക്രന്റെ ഗുരുത്വാകർഷണത്തിൽപ്പെട്ട് നശിച്ചിരിക്കാമെന്നുമാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ.

വലുപ്പത്തിലും പിണ്ഡത്തിലും ഘടനയിലും സൂര്യനിൽനിന്നുള്ള ദൂരത്തിലും ഭൂമിയുമായി ഏറെ സാമ്യമുള്ളതാണ് ശുക്രൻ. എന്നാൽ ഉപരിതലത്തിലെ കൊടുംചൂടും അതിശക്തമായ മർദവും സൾഫ്യൂറിക് ആസിഡ് മേഘങ്ങളും ശക്തമായ കാറ്റും ചേർന്ന് ശുക്രനെ ഭൂമിയിൽനിന്ന് തികച്ചും വ്യത്യസ്തമായ ലോകമാക്കുന്നു.

സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ സ്വാഭാവിക ഉപഗ്രഹങ്ങളില്ലാത്തത് ശുക്രനും ബുധനും മാത്രമാണ്. ഭൂമിയെ ചുറ്റി ചന്ദ്രൻ സ്ഥിരമായി സഞ്ചരിക്കുമ്പോൾ ശുക്രനെ ചുറ്റി ഒരു ഉപഗ്രഹം പോലും കാണാനില്ല.

ഇത് ശുക്രന്റെ രൂപീകരണകാലം മുതലേ ഇങ്ങനെയായിരുന്നോ, അതോ ഒരു കാലത്ത് ഉണ്ടായിരുന്ന ഉപഗ്രഹം പിന്നീട് ഇല്ലാതായതാണോ എന്നതാണ് ശാസ്ത്രജ്ഞരുടെ പ്രധാന സംശയം.

കാലിഫോർണിയ സർവകലാശാലയിലെ റിവർസൈഡ് ക്യാമ്പസിലെ ഗവേഷകനായ സ്റ്റീഫൻ ആർ. കെയ്ൻ നേതൃത്വം നൽകിയ സംഘമാണ് ഇതിനായി കമ്പ്യൂട്ടർ സിമുലേഷൻ നടത്തിയത്. ശുക്രനും സാങ്കൽപ്പിക ഉപഗ്രഹവും സൂര്യനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകൾ കോടിക്കണക്കിന് വർഷങ്ങളിലേക്ക് കണക്കാക്കുകയായിരുന്നു ഗവേഷകർ.

സിമുലേഷനിൽ നിന്നാണ് നിർണായകമായ സൂചന ലഭിച്ചത്. ഭൂമിയിലെ ചന്ദ്രൻ ക്രമേണ ഭൂമിയിൽനിന്ന് അകന്നുപോകുന്നതുപോലെ ശുക്രന്റെ ഉപഗ്രഹവും അകന്നുപോകണമെന്നില്ല.

പകരം, ചില സാഹചര്യങ്ങളിൽ ഉപഗ്രഹത്തിന്റെ ഭ്രമണപഥം മാറി അത് ശുക്രനിലേക്ക് തന്നെ തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ശുക്രനോട് കൂടുതൽ അടുത്തെത്തുന്നതോടെ ഗ്രഹത്തിന്റെ ശക്തമായ ഗുരുത്വാകർഷണം ഉപഗ്രഹത്തെ തകർക്കും. ഒടുവിൽ ഉപഗ്രഹം പൂർണമായും നശിക്കുകയോ അതിന്റെ അവശിഷ്ടങ്ങൾ ശുക്രനിൽ പതിക്കുകയോ ചെയ്തിരിക്കാം.

അതായത്, ശുക്രന് ചന്ദ്രനില്ലാത്തതിന്റെ കാരണം ചന്ദ്രൻ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നതല്ല; ഉണ്ടായിരുന്നെങ്കിൽ ശുക്രൻ തന്നെ അതിനെ ഇല്ലാതാക്കിയതാകാം!

ഉപഗ്രഹത്തിന്റെ പിണ്ഡം കൂടുതലാണെങ്കിൽ അതിന്റെ നാശം കൂടുതൽ വേഗത്തിലാകാനും സാധ്യതയുണ്ട്. വലിയ ഉപഗ്രഹത്തിന് ശുക്രന്റെ ഭ്രമണത്തിൽനിന്ന് കൂടുതൽ ഊർജം കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ അത് ഗ്രഹത്തിലേക്ക് വേഗത്തിൽ അടുക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

എന്നാൽ എല്ലാ സാഹചര്യങ്ങളിലും ചന്ദ്രന്റെ അന്ത്യം ഇതായിരിക്കണമെന്നില്ല. ശുക്രൻ അതിവേഗം കറങ്ങിയിരുന്ന കാലഘട്ടത്തിലാണ് ഉപഗ്രഹം രൂപപ്പെട്ടതെങ്കിൽ അതിന് ശുക്രനിൽനിന്ന് അകന്നുപോയി സ്ഥിരതയുള്ള ഭ്രമണപഥത്തിൽ തുടരാൻ സാധിച്ചേക്കാം.

ഇതിനായി ശുക്രന്റെ ഒരു ദിവസത്തിന്റെ ദൈർഘ്യം 12 മണിക്കൂറിൽ താഴെയായിരിക്കണമെന്നാണ് സിമുലേഷൻ സൂചിപ്പിക്കുന്നത്. കൂടാതെ ഉപഗ്രഹത്തിന്റെ പിണ്ഡവും നമ്മുടെ ചന്ദ്രന്റേതിനേക്കാൾ വളരെ കൂടുതലാകാൻ പാടില്ല.

എന്നാൽ ശുക്രന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ച് നിലവിലുള്ള ശാസ്ത്രീയ ധാരണകളുമായി ഈ സാഹചര്യം പൂർണമായി പൊരുത്തപ്പെടുന്നില്ല.

തെളിവുകൾ ?

ശുക്രന് ഒരുകാലത്ത് ചന്ദ്രനുണ്ടായിരുന്നുവെന്നും പിന്നീട് അത് നശിച്ചുവെന്നും തെളിയിക്കുന്ന നേരിട്ടുള്ള തെളിവുകൾ കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. സംഭവം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്നിട്ടുണ്ടെങ്കിൽ ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും വ്യക്തമായി കണ്ടെത്താനാകണമെന്നില്ല.

എങ്കിലും ഉപഗ്രഹം തകർന്നതിന്റെ അവശിഷ്ടങ്ങൾ ശുക്രന്റെ ഉപരിതലത്തിലോ അന്തരീക്ഷത്തിലോ എത്തിയിട്ടുണ്ടെങ്കിൽ അവിടെ രാസപരമായ ചില അടയാളങ്ങൾ അവശേഷിച്ചിരിക്കാം. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾ ഇത്തരം സൂചനകൾ കണ്ടെത്തിയാൽ ശുക്രന്റെ ചന്ദ്രന്റെ ‘അന്ത്യകഥ’യ്ക്ക് കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കും.

ശുക്രന്റെ അന്തരീക്ഷവും ഘടനയും കൂടുതൽ വിശദമായി പഠിക്കാനുള്ള നാസയുടെ ഡാവിഞ്ചി ദൗത്യത്തിന് ഈ അന്വേഷണത്തിൽ നിർണായക പങ്കുവഹിക്കാനാകും. ശുക്രന്റെ അന്തരീക്ഷത്തിലെ രാസഘടകങ്ങളെക്കുറിച്ച് ലഭിക്കുന്ന കൂടുതൽ വിവരങ്ങൾ ഗ്രഹത്തിന്റെ ആന്തരിക ഘടനയും പരിണാമ ചരിത്രവും മനസ്സിലാക്കാൻ സഹായിക്കും.

ഇതിലൂടെ ശുക്രന് ഒരുകാലത്ത് ചന്ദ്രനുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അത് എങ്ങനെ നശിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് കൂടുതൽ കൃത്യമായ ഉത്തരങ്ങൾ കണ്ടെത്താനും സാധിച്ചേക്കും.

പഠനത്തിന്റെ പ്രാധാന്യം ശുക്രനിൽ മാത്രം ഒതുങ്ങുന്നില്ല. സാവധാനത്തിൽ കറങ്ങുന്ന ഗ്രഹങ്ങൾക്ക് വലിയ സ്വാഭാവിക ഉപഗ്രഹങ്ങൾ നിലനിർത്തുന്നത് ബുദ്ധിമുട്ടായിരിക്കാമെന്ന പുതിയൊരു സാധ്യതയും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു.

ഭാവിയിൽ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിൽ ഉപഗ്രഹങ്ങളെ കണ്ടെത്താൻ കഴിഞ്ഞാൽ ഈ സിദ്ധാന്തം പരിശോധിക്കാനാകും. ശുക്രന് പുറമെ ബുധനും ചൊവ്വയും ഉൾപ്പെടെയുള്ള ഗ്രഹങ്ങളിൽ സമാനമായ ഉപഗ്രഹ-നാശ പ്രക്രിയകൾ നടന്നിട്ടുണ്ടോയെന്നും ഭാവി ഗവേഷണങ്ങളിൽ പരിശോധിക്കാനാണ് ശാസ്ത്രജ്ഞരുടെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img